"Go therefore  and preach the Gospel to all Nations and make Disciples” (Matthew 28:19)

   
 

 

 

സ്വര്‍ഗ്ഗത്തോളമെത്തുന്ന ഗോവണി

ഏകാന്തപഥികനായി മരുഭൂമിയിലൂടെ പദ്ദന്‍ അരാമിലേക്ക് ഓടിപ്പോകുമ്പോള്‍ ദൂരം വളരെ പിന്നിട്ടിട്ടും യക്കോബിന്റെ മനസ്സിലെ ഭയം വിട്ടുമാറിയിരുന്നില്ല. ജ്യേഷ്ടന്‍ വാളുമായി തന്നെ പിന്‍തുടരുന്നുണ്‍ടോ എന്ന ഭയം മൂലം കാലുകള്‍ക്ക് വേഗത കൂടിക്കൊണ്‍ടിരുന്നു. യാത്രക്കോപ്പും ഒരുകയ്യില്‍ വടിയുമായി ബഹുദൂരം യാത്ര ചെയ്തു ക്ഷീണിച്ചെങ്കിലും ലക്ഷ്യം ഇനിയും വളരെ അകലെയാണെന്നതും വിജനമായ ഒരു സ്ഥലത്തുവെച്ചു സൂര്യന്‍ അസ്തമിക്കുന്നതും തന്നില്‍ ഏറെ ഭയാശങ്കകളുയര്‍ത്തി. ഇരുള്‍ പരക്കാന്‍ തുടങ്ങിയതിനാല്‍ യാത്ര തുടരാന്‍ കഴിയാതെ ഒരു കല്ലു തലയിണയായ് വെച്ച് യാക്കോബ് കിടന്നുറങ്ങി.

പിതാവിന്റെ അനുഗ്രഹം തലമേല്‍ ഇരിക്കുന്നെങ്കിലും ഇപ്പോള്‍ തലയിരിക്കുന്നത് കല്ലിന്മേലാണ്. വാഗ്ദത്തം പലതും നിറവേറാനുണ്‍ട് പക്ഷെ മുകളിലേക്ക് നോക്കിയാല്‍ ആകാശവും താഴെ ഭൂമിയും അല്ലാതെ തനിക്ക് മറ്റൊരുമില്ല. ജീവനെ രക്ഷിക്കാന്‍ മാത്രമുദ്ദേശിച്ചുള്ള ഈ യാത്രയില്‍ ലക്ഷ്യത്തില്‍ എത്തുന്നതിനുമുന്‍പേ സൂര്യന്‍ അസ്തമിച്ചതിനാല്‍ വഴിമുട്ടിയനെപ്പോലെ ഇപ്പോള്‍ യാക്കോബ് വഴിയരികില്‍ കിടക്കുന്നു.

അമ്മയുടെ അരുമയായി വളര്‍ന്നവന്‍, അല്ലലില്ലാതെ കഴിഞ്ഞവന്‍, ആരോരുമില്ലാത്തവനായി ആരണ്യ മധ്യത്തില്‍ അകപ്പെട്ടിരിക്കുന്നു. ദിക്കും ദിശയുമല്ലാതെ, പോകുന്ന ദേശത്തേക്കുറിച്ചോ ഭാവിയേക്കുറിച്ചോ ഒന്നുമറിയാത്ത യാക്കോബ് വ്യാകുലചിത്തനായി കിടന്നുറങ്ങിയപ്പോള്‍ അവന്റെ വ്യഥയറിഞ്ഞ് അകക്കണ്ണ് ദൈവം തുറന്ന് പ്രതീക്ഷയുടെ കിരണം സ്വപ്നത്തിലൂടെ നല്‍കി. സ്വര്‍ഗ്ഗത്തോളമെത്തുന്ന ഒരു ഗോവണി, അതില്‍ കൂടെ ദൈവദൂതന്മാര്‍ കയറുകയും ഇറങ്ങുകയും ചെയ്യുന്നു. അതിന്റെ തലക്കല്‍ നിന്നുകൊണ്‍ട് ദൈവം യാക്കോബിനെ ചില അനുഗ്രഹവാഗ്ദത്തങ്ങള്‍ നല്‍കി. അതിനുശേഷം, ദൈവം തന്നോടുകൂടെയുണ്‍ട് എന്നറിഞ്ഞ ആശ്ചര്യത്തോടെ ഉറക്കമുണര്‍ന്ന യാക്കോബ് ദൈവത്തോട് തന്റെ തീരുമാനം അറിയിച്ചു. (ഉല്‍പ്പ. 28: 10-22)

യാക്കോബിനെപ്പോലെ ജീവിത യാത്രയില്‍ പ്രതീക്ഷയുടെ സൂര്യനസ്തമിക്കയാല്‍ പ്രകാശത്തിന്റെ കിരണങ്ങള്‍ പൊലിഞ്ഞ് ഇരുള്‍ ബാധിച്ച് മുന്‍പോട്ടു പോകാന്‍ കഴിയാതെ യാത്ര അവസാനിപ്പിക്കാനാഗ്രഹിക്കുന്ന അനേകരുണ്‍ട്. മരുഭൂമിയുടെ ഏകാന്തതയും പരിമിതികളും കൂടെയാകുമ്പോള്‍ സാഹചര്യം കൂടുതല്‍ സങ്കീണ്ണമാകുന്നു. എന്നാല്‍, എല്ലാ വഴികളും അടഞ്ഞു എന്നു തോന്നുമ്പോഴും ആരും കൂട്ടിനില്ലാത്ത സാഹചര്യത്തിലും ദൈവം കൂടെയുണ്‍ട് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഞാന്‍ നിന്നെ ഒരുനാളും കൈവിടുകയില്ല ഉപേക്ഷിക്കയുമില്ല എന്ന വചനം പോലെ ഏതു പ്രതിസന്ധിയിലും അവിടുന്ന് നമ്മെ കൈവിടുകയില്ല.

ഞാന്‍ അവളെ വശീകരിച്ച് മരുഭൂമിയില്‍ കൊണ്‍ടു ചെന്ന് ഹൃദ്യമായി സംസാരിക്കും. അവിടെ നിന്ന് ഞാന്‍ അവള്‍ക്ക് മുന്തിരിത്തോട്ടങ്ങളെയും പ്രത്യാശയുടെ വാതിലായി ആഖോര്‍ താഴ്‌വരകളെയും കൊടുക്കും. (ഹോശേയ 2:14) ദൈവം ഒരു വ്യക്തിയോട് ഇടപെടുവാന്‍ ആഗ്രഹിക്കുന്നത് അവന്‍ തനിയെ ആയിരിക്കുമ്പോഴാണ്. അത് ഏകാന്തതയാകാം, പ്രതികൂലമാകാം, കഷ്ടതയാകാം, യാക്കോബിനെപ്പോലെ പ്രതീക്ഷയുടെ സൂര്യന്‍ അസ്തമിക്കുന്ന നേരത്താകാം. ആ സമയത്ത് മറ്റുള്ളവര്‍ അവനില്‍ നിന്നും സ്വാഭാവികമായും അകന്നിരിക്കുന്നതിനാല്‍ ഈ ലോകത്തിന്റെ എല്ലാ വിധ ശബ്ദങ്ങളില്‍ നിന്നും വിമുക്തനായിരിക്കും. ദൈവ ശബ്ദം കേള്‍ക്കാനും അതു തിരിച്ചറിയാനും അനുസരിക്കാനും അതാണ് ഏറ്റവും അനുയോജ്യമായ സന്ദര്‍ഭം. അങ്ങനെ സംഭവിക്കാന്‍ അല്‍പ്പസമയത്തേക്ക് സൂര്യനെ ദൈവം അസ്തമിപ്പിച്ചേക്കാം. അത് ഭയപ്പെടുത്താനല്ല ക്ഷീണിച്ചു തളര്‍ന്ന ശരീരത്തിനു വിശ്രമവും ഭാവിയെ ഓര്‍ത്തു വ്യാകുലപ്പെടുന്ന മനസ്സിനു പ്രതീക്ഷയുടെ ദര്‍ശനവും നല്‍കി വീണ്‍ടും ഊര്‍ജ്വസ്വലനാവാനാണ്.

മുറിവിന്റെ വലിപ്പം പോലെയായിരിക്കും അതില്‍ പകരപ്പെടുന്ന എണ്ണയുടെ അളവും. ദുഃഖത്തിന്റെ ആഴം പോലെയായിരിക്കും ലഭിക്കുന്ന ആശ്വാസവും. ക്ഷീണിച്ചവശനായ യാക്കോബിന് ദൈവം ഏറ്റവും ശ്രേഷ്ടമായ, സ്വര്‍ഗ്ഗത്തോളമെത്തുന്നതുമായ ഒരു മനോഹര ദര്‍ശനമാണ് നല്‍കിയത്. അതില്‍ ഗോവണിയെന്ന സ്വര്‍ഗ്ഗീയ വഴിയുണ്‍ടായിരുന്നു. ഏതു സാഹചര്യത്തിലും ദൈവത്തിന്റെ പക്കല്‍ വഴികളുണ്‍ട്. അതു മരുഭൂമിയിലും കൊടുങ്കാറ്റിലും സമുദ്രത്തിലുമുണ്‍ട്. (നഹൂം.1:3) 'യഹോവാ ഭക്തനായ പുരുഷന്‍ ആര്‍? അവന്‍ തിരഞ്ഞെടുക്കേണ്‍ടുന്ന വഴി താന്‍ അവനു കാണിച്ചു കൊടുക്കും'.(സങ്കീ. 25:12).

മരുഭൂമിയില്‍ യാക്കോബിനു വേണ്‍ടി വെളിപ്പെട്ടതുപോലെ ജീവിത യാത്രയില്‍ സൂര്യനസ്തമിക്കയാല്‍ പ്രതീക്ഷകള്‍ നശിച്ചു വാടിത്തളര്‍ന്ന് വീഴുന്നവര്‍ക്ക് രക്ഷക്കായി ഒരു ഗോവണി സ്വര്‍ഗ്ഗത്തില്‍ നിന്ന് ഇറങ്ങി വന്നു; അത് യേശുക്രിസ്തുവാണ്. പാപത്തിന്റെ പരിണിതഫലമായ മരണ ശിക്ഷയില്‍ നിന്നു രക്ഷപെടുവാന്‍ ഓടിപ്പോകുന്നവര്‍ക്ക് ഈ നാമം മാത്രമാണ് രക്ഷക്കായി ഉള്ളത്.