അമേരിക്കയിലെ പുതിയ സാമ്പത്തിക ബില്ലിന് അംഗീകാരം
 
വാഷിങ്ടണ്‍: അമേരിക്കയിലെ പുതിയ സാമ്പത്തിക പരിഷ്‌കരണ ബില്ലിന് സെനറ്റിന്റെ അംഗീകാരം ലഭിച്ചു. ഇനിയൊരു സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒട്ടേറെ നിയന്ത്രണങ്ങള്‍ അടങ്ങിയ ബില്‍ കൊണ്ടു വന്നത്. ഉപഭോക്തൃ സംരക്ഷണം ഉറപ്പു വരുത്തുന്ന ബില്‍ വോട്ടെടുപ്പോടെയാണ് പാസാക്കിയത്. 60 അംഗങ്ങള്‍ അനുകൂലമായി വോട്ടുചെയ്തപ്പോള്‍ 39 പേര്‍ എതിര്‍ത്തു. ചരിത്രത്തിലെ ഏറ്റവും ശക്തമായ സംരക്ഷണമാണു നിയമത്തിലൂടെ അമേരിക്കയിലെ ഉപഭോക്താക്കള്‍ക്കു ലഭിക്കുക എന്ന് പ്രസിഡന്റ് ബറാക് ഒബാമ അവകാശപ്പെട്ടു.


അമേരിക്കന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം 

ന്യൂയോര്‍ക്ക്: അമേരിക്കന്‍ ഓഹരി വിപണിയായ ഡൗ ജോണ്‍സില്‍ വന്‍ മുന്നേറ്റം. 120.71 പോയിന്റ് ഉയര്‍ന്ന് 10138.99ലെത്തി. നസ്ദാഖ് 15.93 പോയിന്റ് ഉയര്‍ന്ന് 2175.40ലെത്തി. യൂറോപ്യന്‍ ഓഹരി വിപണിയും നേട്ടത്തോടെയാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്.

ഏഷ്യന്‍ ഓഹരി വിപണി മുന്നേറ്റത്തോടെയാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. ഹാങ്‌സെങ് 116.93 പോയിന്റ് ഉയര്‍ന്ന് 20167.49ലും തായ്‌വാന്‍ ഇന്‍ഡക്‌സ് 25.68 പോയിന്റ് ഉയര്‍ന്ന് 7634.53ലുമെത്തി. സ്‌ട്രെയിറ്റ്‌സ് ടൈംസ് 8.89 പോയിന്റ് ഉയര്‍ന്ന് 2906.04ലും നിക്കി 225, 6.27 പോയിന്റ് ഉയര്‍ന്ന് 9542.01ലുമെത്തിയിട്ടുണ്ട്. കോസ്?പി 8.46 പോയിന്റ് ഉയര്‍ന്ന് 1707.10ലും ഷാങ്ഹായ് കമ്പോസിറ്റ് 2.08 പോയിന്റ് ഉയര്‍ന്ന് 2417.23ലുമെത്തി.

ഇന്ത്യന്‍ രൂപയ്ക്ക് ചിഹ്നമായി


ന്യൂഡല്‍ഹി: ഇന്ത്യന്‍ രൂപയ്ക്ക് പുതിയ ചിഹ്നം നല്‍കാന്‍ കേന്ദ്ര മന്ത്രി സഭാ യോഗം തീരുമാനിച്ചു. തമിഴ്‌നാട് സ്വദേശി ഡി. ഉദയകുമാര്‍ രൂപകല്‍പന ചെയ്ത ചിഹ്നത്തിനത്തിനാണ്് മന്ത്രിസഭ അനുമതി നല്‍കിയിരിക്കുന്നത്. 

രൂപയെ അന്താരാഷ്ട്ര തലത്തില്‍ത്തന്നെ നിലവാരമുള്ളതാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ചിഹ്നത്തിന് അനുമതി നല്‍കിയിരിക്കുന്നതെന്ന് വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അംബികാ സോണി അറിയിച്ചു.

ഹിന്ദി അക്ഷരമാലയിലെ 'ര' യ്ക്ക് കുറുകെ ഒരു വരയോടു കൂടിയതാണ് ക്യാബിനറ്റ് പുറത്ത് വിട്ട രൂപയുടെ ചിഹ്നം. രുപയെ ഇതു വരെ ഇംഗ്ലീഷ് അംക്ഷരങ്ങളായ ആര്‍.എസ്, ആര്‍ ഇ, ഐ.എന്‍.ആര്‍ എന്നീ വിവിധ ഇംഗ്ലീഷ് ചരുക്കെഴുത്തിലൂടെയാണ് സുചിപ്പിച്ചിരുന്നത്. എന്നാല്‍, ഇനി മുതല്‍ രാജ്യാന്തര നാണ്യ വിപണികളിലടക്കം രൂപയെ സൂചിപ്പിക്കാന്‍ പുതിയ ചിഹ്നമായിരിക്കും ഉപയോഗിക്കുക. 

രൂപയ്ക്ക് പുതിയ ചിഹ്നം തീരുമാനിക്കുന്നതിനായി ലഭിച്ച നൂറോളം ചിഹ്നങ്ങളില്‍ നിന്നും ഐ.ഐ.ടി വിദ്യാര്‍ഥിയായ ഉദയ കുമാര്‍ സമര്‍പ്പിച്ച ചിഹ്നമാണ് അഞ്ച് അംഗങ്ങള്‍ അടങ്ങിയ ജുറി തിരഞ്ഞെടുത്തത്. 
അവസാന ഘട്ട തിരഞ്ഞെടുപ്പിനെത്തിയ ചിഹ്നങ്ങളില്‍ കേരളീയനായ ഷിബിന്‍ കെ.കെ ഡിസൈന്‍ ചെയ്ത ചിഹ്നവും ഇടം പിടിച്ചിരുന്നു. 


ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെ അത്യാധുനിക ടെര്‍മിനല്‍ തുറന്നു


ലോകത്തിലെ ഏറ്റവും വലിയ എയര്‍പോര്‍ട്ടുകളില്‍ ഒന്നായ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ അത്യാധുനിക ടെര്‍മിനല്‍ തുറന്നു. ടെര്‍മിനലിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി മന്മോഹന്‍ സിംഗ് നിര്‍വഹിച്ചു. 

പുതിയ ടെര്‍മിനല്‍ സേവനം ജൂലൈ പതിനാറിന് ശേഷമേ ലഭിക്കൂവെന്ന് അധികൃതര്‍ അറിയിച്ചു. ഈ ദിവസം മുതലാണ് പുതിയ ടെര്‍മിനലില്‍ നിന്നുള്ള അന്താരാഷ്ട്ര സര്‍വീസുകള്‍ തുടങ്ങുന്നത്. ആഭ്യന്തര സര്‍വീസുകള്‍ ഈ മാസം അവസാനത്തോടെയും ആരംഭിക്കും.

മൂന്ന് ബില്യന്‍ ഡോളര്‍ ചെലവിട്ട് നിമ്മിച്ച ടെര്‍മിനല്‍ വഴി വര്‍ഷം 34 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. അത്യാധുനിക സൌകര്യങ്ങളുള്ള ടെര്‍മിനല്‍ വഴി 160 ചെക്കിംഗ് കൗണ്ടറുകളും 90 ഇമ്മിഗ്രേഷന്‍ കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്. യാത്രക്കാര്‍ക്ക് ഷോപ്പിംഗ് നടത്താനായി 21000 സ്‌ക്വയര്‍ മീറ്റര്‍ സ്ഥലം നീക്കിവെച്ചിട്ടുണ്ട്.

കോമണ്‍വെല്‍ത്ത് ഗെയിംസ് മുന്നില്‍ കണ്ട് നാലുവര്‍ഷം മുമ്പ് തുടങ്ങിയ വിമാനത്താവള നവീകരണപദ്ധതിയാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്. അതേസമയം, ഇതിന് അനുബന്ധമായി പണിയുന്ന വിമാനത്താവള നഗരം പൂര്‍ത്തിയാവാന്‍ ഇനിയും സമയമെടുക്കുമെന്നാണ് അറിയുന്നത്. 

പുതിയ മൂന്നാം ടെര്‍മിനല്‍ ലോകത്തെ തന്നെ ഏറ്റവും വലിയ ഇന്റഗ്രേറ്റഡ് ടെര്‍മിനലാണ്. അമ്പത് ലക്ഷം ചതുരശ്ര മീറ്റര്‍ സ്ഥലമെടുത്ത് പണിതീര്‍ത്തിട്ടുള്ള ട്രാന്‍സിറ്റ് ഹോട്ടലും മെട്രോ റെയില്‍വേസ്‌റ്റേഷനും 75 ഏറോബ്രിഡ്ജുകളും 4300 കാറുകള്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന മള്‍ട്ടിലെവല്‍ പാര്‍ക്കിങ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.